2011, ഒക്‌ടോബർ 9, ഞായറാഴ്‌ച

തോല്‍വികള്‍ ... തോല്പിച്ചവര്‍...


ഗള്‍ഫ് സ്വപ്നങ്ങള്‍ കണ്ട്  വിസിറ്റ് വിസയും ടിക്കെട്ടും  തയ്യാറാക്കി ലഗേജും കെട്ടി  നിന്നപ്പോള്‍ ലേമാന്‍ സഹോദരന്മാര്‍  സ്പോന്‍സര്‍ ചെയ്ത  സാമ്പത്തിക മാന്ദ്യം എന്നെ ആദ്യമായി തോല്പിച്ചു. ! 

ആദ്യമായി ഫ്ലൈറ്റില്‍ കയറുന്ന സന്തോഷത്തില്‍ കോഴിക്കോട് വിമാന താവളത്തില്‍ ചെന്ന എന്നെ  നാല് ഇന്ത്യന്‍ ചക്രം മാറ്റി ദിര്‍ഹമാക്കാന്‍ നോക്കിയപ്പോള്‍ എക്സ്ചേഞ്ച് കാരന്‍ അധിക പണം പിടുങ്ങി  കബളിപ്പിച്ചു തോല്‍പ്പിച്ചു.

ദുബായില്‍ റൂമു ശരിയാക്കി തരാം എന്നു വാഗ്ദാനം ചെയ്ത സുഹൃത്ത്‌ പാതി രാത്രി നിസ്സഹായനായി  കൈ മലര്‍ത്തി എന്നെ തോല്‍പ്പിച്ചു. 

ആറടി ബെഡ് സ്പേസ് നു കനത്ത വാടക ഈടാക്കി ദൈവത്തിന്റെ സ്വന്തം നാട്ടുകാരന്‍ രാജനും അതിന്റെ  കമ്മിഷന്‍ പിടുങ്ങിയ സുഹൃത്തും  എന്നെ തോല്‍പ്പിച്ചു.

ഭാഷയറിയാതെ കറങ്ങിയ എന്നെ നട്ടുച്ച നേരത്ത്  ഒന്നര കിലോമീറ്റര്‍ ദൂരം യാത്രയ്ക്ക്  ഷാര്‍ജ മുഴുവന്‍ കറക്കി മൈലാഞ്ചി താടിക്കാരന്‍ പാക്കിസ്ഥാനി ടാക്സി ഡ്രൈവറും  തോല്‍പ്പിച്ചു.

വ്യാജ ഇന്റര്‍വ്യു നടത്തി എന്‍റെ കയ്യില്‍ നിന്ന് രണ്ടു തവണയായി 300 ദിര്‍ഹം പിടുങ്ങി കണ്സല്‍ട്ടന്സിക്കാരും എന്നെ തോല്‍പ്പിച്ചു.

ഒരു മാസത്തെ വിസിറ്റ്  തീരാന്‍ ഒരാഴ്ച  ബാക്കി നില്‍കുമ്പോള്‍ മാത്രം കിട്ടിയ ഫൈനല്‍ ഇന്റര്‍വ്യൂവിന്റെ തലേന്ന്  രാത്രി ഒരു പോള കണ്ണടയ്ക്കാന്‍ സമ്മതിക്കാതെ മൂട്ടകളും എന്നെ തോല്പിച്ചു.ആറ്റു നോറ്റ് ജോലി കിട്ടി സീറ്റില്‍ ഇരുന്നപ്പോള്‍  കമ്പനി കത്തിച്ച്  വിധി വീണ്ടും എന്നെ തോല്‍പ്പിച്ചു.വീണ്ടും കെട്ടി പൊക്കി തുടങ്ങിയ കമ്പനിയില്‍ എന്നെ മുന്നില്‍ നിറുത്തി അഞ്ചു വര്‍ഷത്തെ കണക്കുകളും ബാലന്‍സ് ഷീറ്റും കയ്യില്‍ തന്നു തടി തപ്പിയ മാനേജരും സഹ പ്രവര്‍ത്തകരും എന്നെ തോല്‍പ്പിച്ചു.

ഒടുവില്‍ കൈ കൊടുത്തു പിരിഞ്ഞപ്പോള്‍ ഏതോ കണക്കു പറഞ്ഞു അമ്പതു ഫില്‍‌സ്  ചോദിച്ചു വാങ്ങി സൌഹൃദത്തിനു വിലയിട്ട്  സുഹൃത്തും എന്നെ   തോല്പ്പിച്ചു.. .


നാല് ചക്രം കയ്യില്‍ വന്നപ്പോള്‍ തുരു തുരാ വിളിച്ച് സംഭാവന ചോദിച്ച്  കാക്ക തൊള്ളായിരം സംഘടനകളും എന്നെ തോല്‍പ്പിച്ചു.

ലീവിന് നാട്ടിലെത്തിയപ്പോള്‍ എന്റെ കുപ്പായത്തിന്റെ മണം ശ്വസിച്ച് ഗള്‍ഫുകാരന്‍ ഇരയെ കിട്ടിയ സന്തോഷത്തില്‍ നാട്ടിലെ മീന്‍കാരും  പലചരക്ക് കാരും വില കൂട്ടി തോല്‍പ്പിച്ചു.

ഒക്കെ സഹിക്കാമെന്നു വെയ്ക്കാം...

ഒടുവില്‍ നാട്ടിലെ മുന്തിയ ഹോട്ടലില്‍ കയറി കത്തിയും മുള്ളും ഉപയോഗിച്ച് നടത്തിയ കസര്‍ത്ത് കണ്ട്  കളിയാക്കി ചിരിച്ച് പുതു മണവാട്ടിയും  എന്നെ തോല്‍പ്പിച്ചു....

(അനിവാര്യതയുടെ പ്രവാസം അനുഭവിക്കാന്‍ ഇവരെയെല്ലാം തോല്‍പ്പിച്ച് വെളുക്കനെ ചിരിച്ചു ഞാനും..)

6 അഭിപ്രായങ്ങൾ:

 1. ഇത്രയൊക്കെ തോറ്റിട്ടും മതിവരാതെ ഇനിയും ബാക്കിയായി നില്‍ക്കുന്ന നാസറുദ്ധീന്‍ ഞങ്ങളെയും തോല്പിച്ചു

  മറുപടിഇല്ലാതാക്കൂ
 2. തോല്‍വികളെറ്റു വാങ്ങാന്‍ നസറുദ്ധീന്‍ മണ്ണാര്‍ക്കാട് ന്റെ പ്രവാസി ജീവിതം ഇനിയും ബാക്കി. മടങ്ങി പോകാം, കേരളത്തിലേക്ക് എന്ന തീരുമാനം മാത്രം എടുക്കരുത്, എവിടെ കാര്യങ്ങള്‍ അതിലും കഷ്ട്ടാ...

  മറുപടിഇല്ലാതാക്കൂ
 3. ഇരിക്കട്ടെ ഒന്ന്- ഒന്നര ലൈക്‌... തോല്‍വി ഏറ്റു വാങ്ങാന്‍ ഇനിയും സമയമുണ്ടല്ലോ...

  മറുപടിഇല്ലാതാക്കൂ
 4. ഇരിക്കട്ടെ ഒന്ന്- ഒന്നര ലൈക്‌

  മറുപടിഇല്ലാതാക്കൂ
 5. ഇരിക്കട്ടെ ഒന്ന്- ഒന്നര ലൈക്‌

  മറുപടിഇല്ലാതാക്കൂ

വിമര്‍ശനങ്ങളും അഭിപ്രായങ്ങളും പങ്കു വയ്കുമല്ലോ? അഭിപ്രായങ്ങളും വിമര്‍ശനങ്ങളും മാനിക്കുന്നതാണ്..