സൗഹൃദങ്ങള്‍ പൂക്കുന്നത് ആത്മാവുകളില്‍ ആണെന്ന് വിശ്വസിക്കാനാനെനിക്കിഷ്ടം. പിറവിക്കും സമാഗമത്തിനും ഏറെ മുന്‍പ്, അനാദിയും കാലാതിവര്ത്തിയുമായ ദൈവമെന്ന മഹാ മാന്ത്രികന്‍ അത്യുന്നതങ്ങളില്‍ എവിടെയോ ഒരുക്കി തയ്യാറാക്കിയ പറുദീസയില്‍ ആത്മാവുകളെ ഒരുമിച്ചു കൂട്ടിയിരിക്കാം... അവിടെ വെച്ച് അവ പരസ്പരം അറിയുകയും സൗഹൃദത്തിലാവുകയും ചെയ്തിരിക്കാം.അണ്ഡ കടാഹങ്ങള്‍ പണിതൊരുക്കി, പിന്നീട് എപ്പോഴോ നിലയ്ക്കാത്ത കാല പ്രവാഹത്തില്‍ ഒഴുകി അലിഞ്ഞു ചേരുന്ന മഞ്ഞു തുള്ളികള്‍ പോലെ സമയവും കാലവും നിശ്ചയിച്ചു മനുഷ്യരെ വിരുന്നു വിളിക്കുമ്പോള്‍ സൌഹൃദങ്ങള്‍ വീണ്ടും പൂവിടുന്നു എന്ന് തോന്നി പോവുന്നു..
പറഞ്ഞു വന്നത് നയന്‍ ചൌധരിയെ കുറിച്ചാണ്. ചാര കണ്ണുകളും ചെമ്പന്‍ മുടിയും ഗോതമ്പിന്റെ നിറവുമുള്ളവന്‍. ബംഗാളില്‍ നിന്ന് ഉത്തര്‍ പ്രദേശ് ലേക്ക് കുടിയേറി ഡോക്ടര്‍ ആവാന്‍ മോഹിച്ച് പിന്നീടെങ്ങനെയോ ലേബര്‍ വിസയില്‍ പ്രവാസിയായി മാറിയ അപഥ സഞ്ചാരി.. സന്ദര്‍ശക വിസയില്‍ ആദ്യമായി ദുബായില്‍ എത്തിയപ്പോള്‍ ഹിന്ദി അറിയാത്ത എന്നെ പറഞ്ഞു പറ്റിച്ച് പെരു വഴിയില്‍ ഇറക്കി വിട്ട പത്താനി ടാക്സി ഡ്രൈവറെ ശപിച്ചു നില്‍കുമ്പോള്‍ ആണ് തിങ്ങി നിറഞ്ഞ മനുഷ്യ സാഗരത്തില്‍ നിന്നു എനിക്കു നേരെ വശ്യമായി ചിരിച്ചു കൊണ്ട് അവന്‍ നടന്നു വന്നത്.
"ഭായ് സാബ്, ആപ് കിദര്‍ ജാത്താ ഹേ !"
ഷേക്ക് ഹാന്‍ഡ് തന്ന ശേഷം അനാവശ്യമായ ഭവ്യതയോടെ എന്നെ ഒന്നു വനങ്ങുന്നതിനിടെ എനിക്കു നേരെ ചോദ്യ ശരമെയ്ത് കൊണ്ടാണ് ഞങ്ങളുടെ സംഭാഷണം തുടങ്ങിയത്. ഒരു ഇന്റര്‍വ്യൂ ഉണ്ടെന്നും പോവേണ്ട സ്ഥലത്തെ കുറിച്ച് വലിയ നിശ്ചയം ഇല്ലെന്നും ഞാന്‍ പറഞ്ഞപ്പോള്‍ താനും അങ്ങോട്ട് തന്നെയാണെന്നും വഴി അറിയാമെന്നും അവന്‍ പറഞ്ഞു. കനത്ത ചൂടിനെ അവഗണിച്ചു ഞങ്ങള്‍ വമ്പന്‍ കെട്ടിടങ്ങളുടെ ഇടയിലൂടെ എങ്ങോട്ടോ നടന്നു. ഷാര്‍ജാ കൊര്‍നിഷിനു അഭിമുഖമായി നില്‍ക്കുന്ന ഒരു ബില്ടിങ്ങിലാണ് ഇന്റര്‍വ്യൂ നടക്കുന്നത്.
ഞങ്ങള്‍ ചെല്ലുമ്പോള്‍ ഒരു ഹാള്‍ നിറയെ ഇട്ടിരിക്കുന്ന ഉദ്യോഗാര്‍തികള്‍ തങ്ങളുടെ ഊഴം കാത്തിരിക്കുന്നു. പ്രോഗ്രാം ചെയ്തു വെച്ച പോലെ കാര്യങ്ങള്‍ നീങ്ങി കൊണ്ടിരുന്നു. ആദ്യം പേര് രേജിസ്റെര്‍ ചെയ്യല്‍, പിന്നെ ഇന്റര്‍വ്യൂ മറ്റൊരു ഒഴിഞ്ഞ കോണില്‍ . ആരെയൊക്കെയോ ഫോണ്‍ ചെയ്ത് ഇന്റര്‍വ്യൂ വിവരം വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്ന മൂന്നു തരുണീ മണികള്‍. എന്റെ ഊഴമെത്തി. നല്ല വെടിപ്പായി സായിപ്പന്‍ ഭാഷയില്‍ ഇന്റര്‍വ്യൂ കഴിഞ്ഞു. ഓഫീസി ബോയ് പോലെ തോന്നിച്ച ഒരാള്‍ എന്നെ ഇതിനു ശേഷം വേറെ ഒരു ക്യാബിനിലേക്ക് നയിച്ചു. കണ്സല്ട്ടന്സി കമ്പനിയുടെ ചാര്‍ജായി 300 ദിര്‍ഹംസ് ആവശ്യപെട്ടു. എന്റെ കോണ്ടാക്റ്റ് വിവരങ്ങള്‍ എല്ലാം അവര്‍ രേജിസ്ടരിലേക്ക് പകര്‍ത്തി എഴുതിയിരുന്നു. രണ്ട് ദിവസത്തിനകം ഓഫര്‍ ലെറ്റര്‍ ഈ മെയില്‍ ചെയ്ത് തരും എന്നും പറഞ്ഞിരുന്നു. അല്പം പന്തി കേടു തോന്നിയെങ്കിലും വിശ്വസിച്ച് ഫീസ് അടച്ചു ഞാന്‍ പുറത്തിറങ്ങി.
പുറത്ത് എന്നെ കാത്ത് നയന്‍ ചൌധരി നില്‍പ്പുണ്ടായിരുന്നു. മുഖം വല്ലാതെ പകര്‍ചയായിരുന്നു. ചുവന്നു തുടുത്ത പോലെ തോന്നിച്ചു.
"ആപ് പൈസാ ദിയാ "
ഞാന്‍ പണം കൊടുത്തു എന്ന് പറഞ്ഞപ്പോള്‍ അവന്‍ രൂക്ഷമായി എന്നെ നോക്കി. കൊടുത്ത പണം തിരികെ വാങ്ങണം എന്നും ഇതൊരു മാഫിയയാണ് എന്നും ജോലിയൊന്നും കിട്ടില്ലെന്നും അവന്‍ പറഞ്ഞു. എന്നെയും കൂട്ടി കാബിനിലേക്ക് നീങ്ങാന്‍ ഒരുങ്ങിയ അവനെ ഞാന്‍ ഒരു വിധം പണിപ്പെട്ടു പിന്തിരിപ്പിച്ചു. വല്ലാത്ത ഒരു നിരാശയും അരിശവും അവന്റെ മുഖത്ത് പടരുന്നത് ഞാന്‍ കണ്ടു ..
തിരികെ നടക്കുമ്പോള്‍ അവന്‍ പിന്നെയും ഈ തട്ടിപ്പിനെ കുറിച്ച് വാചാലനായി. ജോലി കിട്ടിയാല്‍ അതു ഭാഗ്യമായി കരുതിയാല്‍ മതി എന്നും ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ ഏറെയുണ്ടെന്നും അവന്‍ പറഞ്ഞറിഞ്ഞു. അന്ന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലതതിനാല്‍ ഞങ്ങള്‍ കൊര്‍നിഷിനു സമീപത്തെ പാര്‍ക്കിലൂടെ വെറുതെ അലസമായി നടന്നു..നിര നിരയായി നട്ടു പിടിപ്പിച്ച ഈന്ത പനകളില്‍ ചാരി ഇരുന്നു ഞങ്ങള്‍ ഏറെ നേരം സംസാരിച്ചിരുന്നു. തടാകത്തില്‍ നിന്നു തണുത്ത കാറ്റ് അടിച്ചു വീശുന്നുണ്ടായിരുന്നു. ഇളം ചൂട് പകര്‍ന്നു കൊണ്ട് അന്തി സൂര്യന്‍ ഞങ്ങള്‍ക്ക് പിന്നില്‍ കത്തി ജ്വലിച്ചു നിന്നു..
നയന്‍ ചൌധരി ഒരു കുടിയേറ്റ ബംഗാള്‍ കര്‍ഷകന്റെ മകന്‍ ആണ്. നാലഞ്ചു സഹോദരിമാര്‍ അടങ്ങിയ കുടുംബത്തിലെ ഏക ആണ്‍ തരി. ക്ഷയ രോഗിയായ അച്ഛന്‍ .കൈത്തറി തൊഴിലാളിയായ അമ്മ, പുര നിറഞ്ഞു നില്‍ക്കുന്ന സഹോദരിമാര്‍.പഠിക്കാന്‍ മിടുക്കനായിരുന്നു നയന്‍. വെളിച്ചം കടന്ന് ചെന്നിട്ടില്ലാത്ത ഗ്രാമത്തില്‍ അക്ഷരാഭ്യാസം നേടിയവരില്‍ ഒരാള്‍. അരപ്പട്ടിണിയും മുഴു പട്ടിണിയും കിടന്നു സെക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം തരകെടില്ലാത്ത രീതിയില്‍ മെഡിക്കല്‍ എന്ട്രന്സും പാസ്സായി. തുടര്‍ പഠനത്തിനു പണം കണ്ടെത്താന്‍ ആവാതെ ഇന്ഗ്ലീഷില്‍ ബിരുദം പൂര്ത്തിയാക്കേണ്ടി വന്നു. ആയിടക്കാണ് സഹോദരിയുടെ വിവാഹം നടന്നത്. ക്ഷയ രോഗിയായ അച്ഛന്റെ ചുമലില്‍ നിന്നു കുടുംബ ഭാരം ഇറക്കി വെക്കാന്‍ വേണ്ടി കൊറിയര്‍ കമ്പനിയിലും ടൌണിലെ പത്ര ഓഫീസിലും ഹെല്‍പര്‍ ജോലി ചെയ്യാന്‍ അവന്‍ നിര്‍ബന്ധിതനായി. പിന്നീട് എങ്ങനെയോ മുത്തും ചിപ്പിയും പെറുക്കി കൂട്ടാന്‍ മോഹിച്ചു തൊഴിലാളി വിസയില്‍ ഷാര്‍ജയില്‍ എത്തി പെട്ടു..
ഒരു ഇന്റീരിയര്‍ കമ്പനിയിലെ സീലിംഗ് തൊഴിലാളിയായിരുന്നു അവന്‍. എണ്ണൂര്‍ ദിര്‍ഹം മാസ ശമ്പളത്തില്‍ രണ്ട് വര്‍ഷം ജോലി ചെയ്തു.സാമ്പത്തിക മാന്ദ്യം തളര്‍ത്തിയ കമ്പനി കഴിഞ്ഞ മൂന്നു മാസമായി ആ തുച്ചമായ ശമ്പളം പോലും കൊടുതിരുന്നില്ലെത്രേ. സ്വന്തം വിദ്യാഭ്യാസ യോഗ്യതയ്ക്ക് ചേര്‍ന്ന ജോലി തേടിയുള്ള പരക്കം പാച്ചിലിനിടയില്‍ ആണ് ഞങ്ങള്‍ കണ്ടു മുട്ടുന്നത്.
ചുമച്ചു ചുമച്ചു കഫം തുപ്പുന്ന, വില്ലു പോലെ വളഞ്ഞ ഒരു വൃദ്ധനെ ഞാന്‍ ഭാവനയില്‍ കാണാന്‍ ശ്രമിച്ചു .പട്ടിണി കൊടി കുത്തി വാണ ഗ്രാമ പശ്ചാത്തലത്തില്‍ വേരുറച്ചു നില്‍ക്കാന്‍ പാട് പെടുന്ന ഒരു കുടുംബം.പ്രത്യാശയുടെ കടല് കടന്ന് മരു ഭൂമിയില്‍ അന്നം തേടി അലയുന്ന ഏക മകന്‍ അവരുടെ സ്വപ്നങ്ങളുടെ അതിരുകള്‍ ഏറെയൊന്നും വിശാലമായിരിക്കില്ല. ഏറിയാല്‍ പട്ടിണിയില്ലാത്ത ഒരു ജീവിതം. ആ സ്വപ്നങ്ങള്‍ ആണ് ഇപ്പോള്‍ വഴി മുട്ടി നില്കുന്നത്
കോര്‍ണിഷ് പശ്ചാത്തലമാക്കി ഞങ്ങള്‍ മൊബൈല്‍ ഫോണില്‍ പരസ്പരം ചിത്രങ്ങള്‍ എടുത്തു. പിന്നെ ഏതോ ഒരു വഴിപോക്കന്റെ സഹായത്തോടെ ഇരു വരും ചേര്‍ന്ന് നിന്നു ഒരു ഗ്രൂപ്പ് ഫോട്ടോയും തരപ്പെടുത്തി. ഇനിയെന്നെങ്കിലും കണ്ടു മുട്ടാമെന്ന പ്രതീക്ഷയില്‍ ഫോണ്‍ നമ്പരുകള്‍ കൈമാറി പിരിയുമ്പോള്‍ മനസ്സില്‍ ഒരു നോവ് അനുഭവപ്പെട്ടിരുന്നു..
ഇടക്കൊക്കെ വിളിക്കുമായിരുന്നു പിന്നീട്. എവിടെയെങ്കിലും വല്ല ജോലിയും ഉണ്ടെങ്കില്‍ അറിയിക്കണം എന്നും മറക്കരുതെന്നും അവന്‍ പറയുമായിരുന്നു. ആ വിളി പിന്നീട് അവസാനികുന്നത് ഒരിക്കല്‍ ഇതിസലാത്ത് കമ്പനിയുടെ "മുഗലഖു " സന്ദേശത്തിലാണ്. എന്റെ സൌഹൃദത്തിന്റെ കൂടും വിട്ടു അവന്‍ എന്നെന്നേക്കുമായി ഇവിടം വിട്ടു പോയോ . മനസ്സില്‍ ഒരു ആധി പടര്‍ന്ന പോലെ തോന്നി..ഒരു നീറുന്ന നൊമ്പരമായി അവന്‍റെ ഓര്‍മ്മകള്‍ എന്നില്‍ അവസാനിച്ചു..
പിന്നീട് അവനെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. ഗര്‍ഭസ്ഥ ശിശുവിനെ മാതാവുമായി ബന്ധിപ്പിക്കുന്ന പൊക്കിള്‍ കൊടി പോലെ ഞങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചിരുന്ന ഒരേയൊരു ഫോണ്‍ നമ്പര്‍ ഔട്ട് ഓഫ് സര്‍വീസ് എന്ന് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു..
ഒരു വര്‍ഷത്തിനു ശേഷം തിരക്കുള്ള ഹൈപര്‍ മാര്‍ക്കറ്റിനു മുന്‍പില്‍ വെച്ചു ഞാന്‍ അവനെ വീണ്ടും കണ്ടു. തീര്‍ത്തും അവിചാരിതമായി അതും ഒട്ടും പ്രതീക്ഷിക്കാത്ത രൂപ ഭാവങ്ങളില്‍ . മൊബൈല്‍ ഫോണ്‍ ബാലന്‍സ് ട്രാന്സ്ഫെര് ചെയ്യുന്ന ഒരാളായി. ജന തിരക്കുള്ള മാളുകള്‍ ക്ക് മുന്‍പില്‍ നിയമ വിരുദ്ധമായി മൊബൈല്‍ ബാലന്‍സ് ട്രാന്സ്ഫെര് ചെയ്യുന്ന ഇവരെ കാണാം
"ബാലന്‍സ് ബാലന്‍സ് .." എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് ഒരാള്‍ എനിക്കു നേരെ വന്നപ്പോള്‍ പെട്ടന്ന് തന്നെ എനിക്കു ആളെ തിരിച്ചറിയാന്‍ കഴിഞ്ഞു.
നയന്‍ ചൌധരി !
അവനും എന്നെ തിരിച്ചറിഞ്ഞു.... അഴുക്കു പുരണ്ട കോലം . നിറം മങ്ങിയിരുന്നു. മുടി എണ്ണ മയമില്ലാതെ കൂടുതല്‍ ചെമ്പിച്ച പോലെ . കയ്യില്‍ വിദഗ്ദമായി നെടുകെ മടക്കി പിടിച്ച കറന്‍സികളും ഒന്നു രണ്ട് മൊബൈല്‍ ഫോണുകളും..ശരീരം ഏറെ ശോഷിച്ചിരുന്നുവെങ്കിലും കണ്ണിലെ തീഷ്ണത ചോര്‍ന്നു പോയിരുന്നില്ല.
പഴയ പോലെ ഭവ്യതയോടെ അനാവശ്യമായി വണങ്ങി കൊണ്ട് അവന്‍ എനിക്കു കൈ തന്നു.ഒരു സൗഹൃദം വീണ്ടും തിരിച്ചു കിട്ടിയ സന്തോഷത്തോടെ ഞാനും അവനു കൈ കൊടുത്തു. പക്ഷെ അവന്റെ ആ അവസ്ഥ എന്നെ ഏറെ വിഷമിപ്പിച്ചു. പക്ഷെ അവന്‍ ഏറെ സന്തോഷവാനായി കാണപെട്ടു. എന്റെ ഉത്തരത്തിനു കാത്ത് നില്‍ക്കാതെ അവന്‍ തുരു തുരെ കുശലാന്വേഷണം ചോദിച്ചു കൊണ്ടിരുന്നു..
റോഡരികിലെ ചെറിയ രേസ്ടോരന്റില്‍ ഏറെ നേരം മുഖാ മുഖം ഇരുന്നു ഞങ്ങള്‍ പാക്കിസ്ഥാനി റൊട്ടിയും ചൂടന്‍ മട്ടന്‍ കടായിയും കഴിച്ചു.
ശമ്പളം കിട്ടാത്ത കമ്പനിയില്‍ നിന്നു ചാടി പോന്നുവേത്രേ അവന്‍. അതായത് വിസയില്ലാത്ത വെറും കല്ലി വല്ലി ! ഏതു നിമിഷവും ഈ രാജ്യത്തെ നിയമം പിടികൂടി നാട്ടിലേക്ക് അയക്കാവുന്ന ഒരാള്‍. കാര്‍ ക്ലീനിങ്ങും അല്ലറ ചില്ലറ കല്ലി വല്ലി ലേബര്‍ ജോലികളുമായി പകല്‍ കഴിച്ചു കൂട്ടും. വൈകുന്നേരം തിരക്കുള്ള മാളുകള്‍ക്ക് മുന്നില്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍ ചെയ്തും ചെറിയ വരുമാനം ഉണ്ടാക്കും. താമസം ഇത് പോലെ കല്ലി വല്ലി വിസയില്‍ നില്‍ക്കുന്നവരുടെ കൂടെയാണ്. അതായത് കഴിഞ്ഞ ഒരു വര്‍ഷമായി അവനും കുടുംബവും ജീവിക്കുന്നത് ഈ വരുമാനത്തില്‍ ആണ്..
അച്ഛന്‍ ആറ് മാസം മുന്‍പ് മരിച്ചു എന്ന് പറയുമ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞു കവിയുന്നുണ്ടായിരുന്നു. (ചുമച്ചു കഫം തുപ്പുന്ന കുടിയേറ്റ കര്‍ഷകന്‍ എന്റെ മനസ്സില്‍ ഒരു ഉമിത്തീ പോലെ നീറി പടര്‍ന്നു.. ) രണ്ടാമത്തെ സഹോദരിയുടെ വിവാഹമാണ് ഈ മാസമെന്നും അതിന്റെ വേവലാതിയില്‍ ആണ് എന്നും പറഞ്ഞു.. അതു കൂടെ കഴിഞ്ഞാല്‍ നിയമത്തിനു പിടി കൊടുത്തു നാട്ടിലേക്ക് പോകാന്‍ ആണ് അവന്റെ ഉദേശം. അവിടെ എന്ത് ജോലിയും ചെയ്തു ജീവിക്കുമെന്നും ഇനിയും ഈ ജീവിതം ഇങ്ങനെ തുടരാന്‍ നിവൃത്തിയില്ലെന്നും അവന്‍ പറഞ്ഞു.യോഗ്യതക്കനുസരിച്ച ജോലി അന്വേഷണം അന്നേ അവസാനിപ്പിച്ചുവേത്രേ..
കയ്യില്‍ മെഹന്തി ഇടാനും കസവ് പട്ടു വാങ്ങാനും അണിഞ്ഞു ഒരുങ്ങാനും സഹോദരന്റെ പണം കാത്ത് നില്‍ക്കുന്ന സഹോദരിയെയും കുടുംബത്തെയും ഞാന്‍ ഓര്‍ത്തു പോയി..ഒരു പക്ഷെ ഈ കഷ്ടപാടൊന്നും അവര്‍ അറിയുന്നുണ്ടാവില്ല.
വല്ലാതെ വിറങ്ങലിച്ചു പോയ ഒരു നിമിഷമായിരുന്നു അത്. അത്ര തീഷ്ണമായി ഒരു സൌഹൃദവും എനിക്കു അന്ന് വരെ അനുഭവപെട്ടിരുന്നില്ലെന്നതാണ് സത്യം! ദേശവും ഭാഷയും വിലങ്ങു നില്‍ക്കാത്ത സൌഹൃദത്തിന്റെ സ്നേഹ തുരുത്ത്. നമുക്കെതിരെ കടന്ന് പോകുന്ന ഓരോ മനുഷ്യര്‍ക്കും പറയാന്‍ ഓരോ കഥകള്‍ ഉണ്ടാവും എന്ന് തോന്നി പോയി ആ നിമിഷത്തില്‍... കാലമെന്ന ഗംഗാ പ്രവാഹത്തില്‍ തൊട്ടുരുമ്മി സ്നേഹിച്ചും കലഹിച്ചും ദിശയറിയാതെ ഒഴുകി നീങ്ങുന്ന തുള്ളികള്‍ പോലെ നാം അനേകം മനുഷ്യര്‍. അടിയൊഴുക്കുകളും നീര്‍ച്ചുഴികളും തമ്മിലകറ്റുവോളം മാത്രം കണ്ടു മുട്ടാന്‍ വിധിക്കപെട്ടവര്‍...
പിരിയുമ്പോള്‍ ഞാന്‍ നീട്ടിയ ഒരല്‍പം പണം സ്വീകരിക്കാന്‍ പോലും അവന്‍ കൂട്ടാക്കിയില്ല...ഒടുവില്‍ ബലമായി പോക്കറ്റില്‍ നിക്ഷേപിക്കെണ്ടതായി വന്നു.പണത്തിനു ഏറെ ആവശ്യമുണ്ടെങ്കിലും സൌഹൃദത്തിനു വിലയിടാന്‍ അവന്‍ ആഗ്രഹിച്ചിട്ടുണ്ടാവില്ല. തിരിഞ്ഞു നടക്കുമ്പോള്‍ ഇനിയെന്നെങ്കിലും വീണ്ടും കണ്ടു മുട്ടുമെന്നും എനിക്കു പ്രതീക്ഷ ഉണ്ടായിരുന്നില്ല..
(ഈ പോസ്റ്റില്‍ ആ സുഹൃത്തിന്റെ ഫോട്ടോ കൂടി ചേര്‍ക്കണം എന്ന് എനിക്കു ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ദൌര്‍ഭാഗ്യ വശാല്‍ കേടു വന്നു പോയ മൊബൈല്‍ ഫോണില്‍ നിന്നു അവന്റെ ഫോട്ടോയും എന്നെന്നേക്കുമായി നഷ്ടപെട്ടു പോയി)
നൊമ്പരമുന്ടാക്കുന്ന വിവരണം. ഇത്തവണ നമ്പര്‍ വാങ്ങിവെച്ചില്ലേ?
മറുപടിഇല്ലാതാക്കൂനമ്പര് മേടിച്ചിരുന്നു എന്നതായിരുന്നു സത്യം,.. പിന്നീട് വിളിച്ചിട്ട് കിട്ടിയില്ല.... പോലീസ് പിടിച്ചോ എന്നറിയില്ല. അന്വേഷിക്കാനും നിവൃത്തിയുണ്ടായിരുന്നില്ല.
ഇല്ലാതാക്കൂവളരെ നന്ദി. ബ്ലോഗ് സന്ദര്‍ശിക്കാന്‍ കാണിച്ച സന്മനസ്സിനും, മനസ്സു തുറന്നെഴുതിയ കമന്റിനും
ഇല്ലാതാക്കൂപ്രവാസത്തിലെ ചില അനുഭവങ്ങള്‍ മനസ്സിനെ ഏറെ വേട്ടയാടും. നന്നായിരിക്കുന്നു.ജാലകത്തിലൂടെ വന്നതാണ്. ഇനിയും വരാം.
മറുപടിഇല്ലാതാക്കൂവളരെ നന്ദി . സന്ദര്‍ശനത്തിനും വിലപ്പെട്ട അഭിപ്രായത്തിനും (കല്ലി വല്ലി വാര്‍ത്തകള്‍ ..)
ഇല്ലാതാക്കൂ