ജാലകം

2011, ജനുവരി 13, വ്യാഴാഴ്‌ച

അപ്രധാനികളുടെ ലോകം!













ഈ ലോകത്തെ പ്രധാനികള്‍ ആരാണ്.....
മാനെജുമെന്റില്‍  പ്രൊഫഷനല്‍ വിദ്യാഭ്യാസം  നേടിയ വളര്‍ന്നു വരുന്ന യോഗ്യനായ ഒരു ചെറുപ്പക്കാരന് യാതൊരു വിലയുമില്ലേ!! നടപ്പിലും ഇരുപ്പിലും പെരുമാറ്റത്തിലും അല്പം പ്രോഫെഷനലിസം കൊണ്ടുവരാന്‍ ശ്രമിക്കുന്നത് ഇത്ര വലിയ പാതകമാണോ.....




അല്ലെങ്കിലും ഈ കാലത്ത് മാന്യന്മാര്‍ക്ക് ജീവിക്കാന്‍ ബുദ്ധിമുട്ടാണ്. ഷോപിങ്ങിനു പോയാല്‍ മനസ്സ് തുറന്നൊന്നു വില പേശാന്‍ പറ്റില്ല. ജാടക്കാരി ഭാര്യയുടെ ദുര്‍നോട്ടങ്ങള്‍ സഹിക്കണം. സെയ്ല്സു ഗേള്‍സിന്റെ പുച്ഛം കലര്‍ന്ന നോട്ടം കണ്ടില്ലെന്നു നടിക്കണം. ഒക്കെ പോട്ടെ!  ഈ കോട്ടും സ്യൂട്ടുമൊക്കെ ധരിച്ചു എന്ന് വെച്ച് മനസ്സമാധാനത്തോടെ ഒരു ചെരുപ്പ് നന്നാക്കാന്‍ പോലും പറ്റുന്നില്ല... അവന്‍റെ മുഖത്തും കാണും ഒരു പുച്ഛ ഭാവം!

 
 എന്ത് ചെയ്യാം? ഒരു മാന്യനായി ജനിച്ചു പോയില്ലേ?


ഓഫീസിലാണ് ഇതിലേറെ പുകില്! ആരെയൊക്കെ പേടിക്കണം. അല്ല, അതൊക്കെ പറയാതിരിക്കുന്നതാ നല്ലത്...


ഈ പ്രോഫെസ്സനലിസം പ്രോഫെസ്സനലിസം എന്നൊക്കെ ചുമ്മാ പറയാന്‍ കൊള്ളാം. നടപ്പിലാക്കി നോക്കിയാല്‍ കാണാം.

 
പുതിയ ജോലിയുടെ ആവേശത്തില്‍ കോട്ടും ടൈയ്യും മറ്റു കുന്ത്രാണ്ടാവുമൊക്കെ വലിച്ചു   കേറ്റി ചെന്ന ആദ്യ ദിവസം തന്നെ അക്കിടി പറ്റി.


ലങ്കക്കാരന്‍ ഓഫീസ് 'ബോയി' എന്ന കിളവന്‍ മഞ്ഞ പല്ലുകള്‍ കാട്ടി ചിരിച്ചു മേശ പുറത്തു വെച്ച ലിപ്ടന്‍ ചായ തെല്ല് അറപ്പോടെ കുടിക്കാന്‍ ശ്രമിച്ചപ്പോള്‍ ചായ കപ്പിലേക്ക് ഊര്‍ന്നു വീണ ടൈ ഒന്ന് കഴുകി വരാന്‍ അയാളോടൊന്നു പറഞ്ഞതേയുള്ളൂ ഞാന്‍.


അതിയാന്‍ ഒന്നും പറഞ്ഞില്ല. ഭവ്യതയോടെ നിന്നതുമില്ല. ശരീരം ആസകലം ഒന്നിളക്കി ഇപ്പോള്‍ വരാമെന്ന് പറഞ്ഞു തിരിഞ്ഞു നടക്കുമ്പോള്‍ ഒരല്‍പം പ്രതീക്ഷകള്‍ ഇല്ലാതിരുന്നില്ല. വൃത്തിയാകാനുള്ള ഒരു തുണിക്കഷ്ണം, അല്ലെങ്കില്‍ അല്പം സോപ്പ് പൊടി എന്തെകിലും സംഘടിപിച്ചു വരാന്‍ പോയതാവാം. 


ശര വേഗത്തില്‍ അയാള്‍ തിരിച്ചു വന്നു. വെള്ളവും സോപ്പും ഒന്നും കണ്ടില്ല.  പകരം ഒരു പേപര്‍ എന്‍റെ നേര്‍ക്ക്‌ നീട്ടി ഒരല്പം ആജ്ഞാ സ്വരത്തില്‍ പറഞ്ഞു: 


" പ്ലീസ് റീഡ്" 


"എന്തായിത്? "


"ജോബ്‌ പ്രൊഫയില്‍ മെമ്മോ"  


ഒരാവര്‍ത്തി ഓടിച്ചു വായിച്ചു:


ഫയലിംഗ്, ടീ സെര്‍വിംഗ്, ഫാക്സ്..... ഇത്യാദി കാര്യങ്ങളുടെ ഒരു നിര.

അതായത് എവിടെയും ഒരു ഓഫീസ്  മാനേജരുടെ ടൈ വൃത്തിയാക്കാന്‍ പരാമര്‍ശം ഇല്ല.


മനസ്സിലായി. അതൊക്കെ തന്നത്താന്‍ ചെയ്തോണം. ചെയ്തേക്കാം.....


പേപര്‍ തിരിച്ചു കൊടുക്കുമ്പോള്‍ അയാളുടെ ഗാംഭീര്യം നിറഞ്ഞ മുഖത്തേക്കൊന്നു പാളി നോക്കി. ഒരു ഗുരു നാഥന്‍റെ സായൂജ്യം നിറഞ്ഞ മുഖ ഭാവം അയാളുടെ മുഖത്ത് നിഴലിച്ചിരുന്നു... ഗുരുവേ ന: മ.


ഈ ദേഷ്യം മനസ്സില്‍ വെച്ച് മറ്റൊരിക്കല്‍ അയാളോട് ഒന്ന് വഴക്കടിക്കാന്‍ ഒരുങ്ങിയപ്പോള്‍ ഫില്പയ്നി സെക്രട്ടറിയുടെ വക ഒരു സ്നേഹോപദേശം.


"അയാളോട് ഒന്നിനും നില്‍കണ്ട. ചായയില്‍ വിരല് മുക്കി ഇളക്കി തരും...."

അപ്പോഴാണ്‌ മനസ്സിലായത്‌ ഓഫീസില്‍ അയാളുടെ 'വിരല് മുക്കി ചായ' ഫെയ്മസ് ആണെന്ന്...


ഒരു ഞെട്ടലും അതിലേറെ ഒരു തരം അറപ്പും തോന്നി ആ നിമിഷം അയാളോട്..


അതു ശരി, ആള്‍ വലിയ പുള്ളിയാ...  ഒന്നിനും നില്‍കണ്ട... ജീവിച്ചു പോയാല്‍ മതി. ഈ ലോകത്ത്... ഹോ! 

അയാളെ അരികില്‍ വിളിച്ചു വെറുതെ ഒന്നു രണ്ടു കുശലന്വേഷണങ്ങള്‍ നടത്തി സോപ്പിട്ടു:

'ലങ്കയില്‍ എന്താ പുതിയ വിശേഷം? പ്രസിടണ്ട്  രാജ് പക്സേയ്ക്ക് സുഖമാണോ? '    വെറുതെ! ചുമ്മാ...


 മറ്റൊരിക്കല്‍ ഒരുത്തനോട്‌ ഫോര്‍മല്‍ ഡ്രസ്സ്‌ ഇടാന്‍ പറഞ്ഞതിന്റെ പുകില് കേള്‍കണ്ടേ? സംഭവം നിസ്സാരമാണ്. മാര്‍കറ്റില്‍ പോകുമ്പോള്‍ ഫോര്‍മല്‍ ഡ്രസ്സ്‌ ഇടണം എന്നു പറഞ്ഞതിന് അവന്‍ വിളിച്ച തെറികള്‍...ഹോ! അവന്‍ ഡെലിവറി മാന്‍ അല്ല! തെറി വിളി മാന്‍ ആണെന്ന് തോന്നി പോയി...

ഇനി അഥവാ തെറി വിളിക്കണം എന്നുണ്ടായിരുന്നെങ്കില്‍ അതു സ്വകാര്യമായി വിളിച്ചാല്‍ മതിയായിരുന്നല്ലോ? ശീലമില്ലെങ്കിലും കേള്‍ക്കാന്‍ നിന്നു കൊടുക്കുമായിരുന്നല്ലോ? അല്ലെങ്കിലും ഇങ്ങനെയൊക്കെ തന്നെയല്ലേ കാര്യങ്ങള്‍ ശീലിക്കുന്നത്?

ഇതിപ്പോള്‍ എല്ലാരുടെയും മുന്നില്‍ വെച്ച് ഒരു തരം തിര്വോന്തരം ഭാഷയില്‍ പച്ച പള്ളു വിളി....


ഇങ്ങനെയൊക്കെ ഞെങ്ങി ഞെരുങ്ങി ജീവിക്കുന്നതിനിടയിലാണ് ഒരു ബംഗാളി കാര്യങ്ങള്‍ വീണ്ടും വഷളാക്കിയത്. ആളൊരു ക്ലീനിംഗ് ജീവനക്കാരനാണ്. പറഞ്ഞിട്ടെന്താ കാര്യം?


ക്ലീനിംഗ് സാധനങ്ങള്‍ മേടിക്കുന്ന കൂട്ടത്തില്‍ ചില ചില്ലറ തരികിടകള്‍ കാണിക്കുന്ന ശീലമുണ്ട്. ചിലപ്പോള്‍ ഒരു ജ്യൂസ്, അല്ലെങ്കില്‍ ഒരു പായ്ക്കറ്റു ഖുബ്ബൂസ്, അതുമല്ലെങ്കില്‍ ഒന്ന് രണ്ടു ആപ്പിള്‍, ഓറഞ്ച്..... അങ്ങനെ  വല്ലതും. കയ്യോടെ പിടിച്ച് താക്കീത് ചെയ്ത് വിട്ടത് അത്ര വലിയ തെറ്റാണോ??


അന്ന് രാത്രി ഒരു പത്തു പന്ത്രണ്ടു മണിയായിക്കാണും.  ഉറക്കം നശിപ്പിച്ചു കൊണ്ട് മൊബൈല്‍ ഫോണടിക്കുന്നു... 
ഒരു ഫാന്‍സി നമ്പര്‍!

വല്ല വി ഐ പികളുമായിരിക്കാം... ഭാര്യുടെ മുന്നില്‍ ആളാവാനുള്ള അവസരമാണ്... ഇടയ്ക്കിടക്ക് വലിയ വായില്‍ ഇന്ഗ്ലീഷില്‍  സംസാരിച്ചു ആളാവാന്‍ നോക്കാറുണ്ട് പോങ്ങച്ചക്കാരിയുടെ മുന്നില്‍!!


ലൌഡ് സ്പീക്കറിട്ട് സംസാരിച് തുടങ്ങി....

"ഹലോ"

മറു പുറത്തു ഒരു പരുക്കന്‍ പത്താനിയുടെ ശബ്ദം:


"ഹലോ ജീ... ആപ്ക്കാ കച്ചറ ഘട്ടര്‍ പാനി അഭീ നിക്കാലേകാ...."


ആരോ കക്കൂസ്സ് വൃത്തിയാക്കണമോ എന്നു ചോദിക്കുകയാണ്...


ലൌഡ് സ്പീകരില്‍ സംസാരിച്ചത് അബദ്ധമായോ? . തുടക്കത്തിലേ പരിഭ്രമം മറച്ചു വെച്ചു ചോദിച്ചു...


" ആപ് കോന്‍ ഹേ..."

മറു വശത്ത് നിന്നു വീണ്ടും പത്താനിയുടെ മുരള്‍ച്ച.


" ഭായ്,  ആപ് നാതൂര്‍ രമേശ്‌  ഹേ നാ...ഭായ് സാബ്, ആപക്ക ഘട്ടര്‍ പാനീ അഭീ നികാലേഗാ ..."


ഒരു വെള്ളിടി വെട്ടി:


" റോങ്ങ് നമ്പര്‍..."


ദേഷ്യത്തോടെ ഫോണ്‍ കട്ട് ചെയ്ത് തിരിഞ്ഞു കിടക്കുമ്പോള്‍ ജാടക്കാരി ഭാര്യയുടെ തുറിച്ചു നോട്ടം!


നാശം പിടിക്കാന്‍! ഒരു കുടുംബം കെട്ടി പടുക്കാനുള്ള ബുദ്ധിമുട്ട് ഇവന് വല്ലതും അറിയുമോ?


ഈ ജാടക്കാരിയുടെ മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ ഒരു നൂറു നൂറു നുണകള്‍ പറയണം! കമ്പനിയിലെ എല്ലാം എല്ലാമാണെന്ന്!! ഞാനില്ലെങ്കില്‍ കമ്പനി പൂട്ടി പോകുമെന്ന്!! ഒരു ദിവസം കണ്ടില്ലെങ്കില്‍ സീ. ഈ. ഓ ഉറങ്ങില്ലെന്ന്!!! അങ്ങനെ എന്തെല്ലാം...


അതിനിടയില്‍ ജീവിക്കാനുള്ള പെടാ പാട്.


ചെറുപ്പത്തില്‍, പഠനക്കാലത്ത് തലയില്‍ അങ്ങ്മിങ്ങും പടര്‍ന്നു കയറിയ അകാല നര ഭാര്യയില്‍ നിന്നു മറച്ചു പിടിക്കാനുള്ള കോപ്രായങ്ങള്‍. ഇടയ്ക്കിടയ്ക്ക് കണ്ണാടിയില്‍ നോക്കി വെള്ളി നാരുകള്‍ തെളിഞ്ഞോ എന്നു നോക്കണം.


ഇടയ്ക്കെങ്ങാനും വല്ലതും തെളിഞ്ഞു കണ്ടാല്‍ പിന്നെ ഓഫീസ്സില്‍ നിന്നു നേരെ വല്ല സലൂനിലെക്കും പോകണം. അവയൊക്കെ തിരഞ്ഞു പിടിച്ച് കറുപ്പടിച്ചു ഉനങ്ങുവോളം   പുറത്തെവിടെയെങ്കിലും നടക്കണം. കല്യാണം കഴിഞ്ഞു ഇക്കഴിഞ്ഞ ആറേഴു മാസമായിട്ടും ഇക്കാര്യം ഭംഗിയായി ഭാര്യയില്‍ നിന്നു ഒളിച്ചു വെയ്ക്കാന്‍ കഴിഞ്ഞതില്‍ സ്വയം അഭിമാനം തോന്നാറുണ്ട് ഇടയ്ക്ക്....


പിന്നെ ജീവിക്കാനുള്ള നെട്ടോട്ടം. ഫ്ലാറ്റിന്റെ വാടക, കരണ്ട്, വെള്ളം....അതിനു പുറമേ ജാടക്കാരി ഭാര്യയുടെ  ഷോപ്പിംഗ്‌ മാമാങ്കങ്ങള്‍...


ഇടക്കെങ്ങാനും ഒരു ചമ്മന്തി അരയ്ച്ചു ഒരല്‍പം കഞ്ഞി കുടിക്കണമെന്നു കരുതിയാല്‍ പോലും രക്ഷയില്ല. അവള്‍ കെ. എഫ്. സി ചിക്കന്‍ മാത്രമേ   കഴിക്കൂ...  ബ്രാന്‍ഡുകള്‍ മാത്രമേ ഉപയോഗിക്കൂ. എമിരേറ്റ്സ് ഫ്ലൈറ്റില്‍ മാത്രമേ കയറൂ...




 അവളുടെ ചേട്ടന്മാര്‍ സിങ്കപ്പൂരിലാണ് പോലും. അവളുടെ വീട്ടുകാരുടെ മുന്നില്‍ പൊങ്ങച്ചം കാട്ടി കടം കയറി സ്വന്തം ട്രൌസറു കീറി നില്‍ക്കുകയാണ് ഈയുള്ളവന്‍ എന്നു ഇവള്‍ അറിയുന്നുണ്ടോ..?


"അല്ല, സത്യത്തില്‍ നിങ്ങള്ക്കെന്താ പണി..."


അവളുടെ ഈര്ഷ്യം കലര്‍ന്ന ചോദ്യമാണ് ചിന്തകളില്‍ നിന്നു ഉണര്‍ത്തിയത്... അവളുടെ കണ്ണുകളിലെ ക്രോധാഗ്നിയില്‍ ഇപ്പോള്‍ തന്നെ ഉരുകി പോകുമെന്ന് തോന്നി പോയി...


" എന്തേ..?"

ജാള്യം   മറച്ചു വെച്ചു അവളുടെ മുഖത്ത് നോക്കാതെ തന്നെ ചോദിച്ചു...


"അയാള്‍ എന്തിനാ വിളിച്ചത്...?"


അവള്‍ എല്ലാം കേട്ടിട്ടുണ്ടെന്ന് മനസ്സിലായി. പരിഭ്രമം മറച്ചു വെയ്ക്കാതെ തന്നെ മറുപടി പറഞ്ഞു:


" ഓ.. അതോ.. അതൊരു റോങ്ങ് നമ്പരല്ലേ..."


"അയാള് നിങ്ങളുടെ പേര് വിളിച്ചല്ലോ? നിങ്ങള്‍ക്ക് അവിടെ നാതൂര്‍ പണിയാണോ? "


ഉത്തരം മുട്ടിപോയി. തൊണ്ട വരണ്ടു പോയത് പോലെ...


ഓഫീസിലെ ക്ലീനിംഗ് ബോയ്‌ ബംഗാളി ദേഷ്യം തീര്‍ക്കാന്‍ നമ്പര്‍ കൊടുത്തു വിളിപ്പിച്ചതാണെന്ന് പറഞ്ഞാല്‍ ഒക്കുമോ...?

 
 ഒരു ഭൂകമ്പം പ്രതീക്ഷിച്ചു ഒന്നും മിണ്ടാതെ കണ്ണുമടച്ചു തിരിഞ്ഞു കിടന്നു. ഇരുട്ടില്‍ നിന്ന് ഒന്നു രണ്ടു ദീര്‍ഘ നിശ്വാസങ്ങളും തേങ്ങലുകളും കെട്ടു..


പിറ്റേന്ന് ഓഫീസ്സിലേക്ക് ഇറങ്ങുമ്പോള്‍ പുച്ഛത്തോടെ പിന്നില്‍ നിന്ന് ഭാര്യ വിളിച്ചു ചോദിക്കുന്നത് കേട്ടു:


"ഇന്നെന്താ  ടൈ ഒന്നും കേട്ടുന്നില്ലേ..."


തിരിഞ്ഞു നോക്കാതെ തന്നെ മറുപടി പറഞ്ഞു:


"ഇല്ല"


ഇന്നലെ രാത്രിയിലെ സംഭവങ്ങള്‍ ഓര്‍മിച്ചു നടക്കുമ്പോള്‍ മനസ്സില്‍ പറഞ്ഞു:

'ഇല്ല സഹധര്‍മ്മിണീ, ഇന്ന് മാത്രമല്ല.. എന്നും ഇങ്ങനെ തന്നെ ആയിരിക്കും... കാരണം ഈ ലോകം അപ്രധാനികളുടെതാണ്. മാന്യന്മാരുടെതല്ല. നമുക്കു ജീവിക്കണ്ടേ..?  '

3 അഭിപ്രായങ്ങൾ:

  1. kollam ninte e kadhayil 90% sathyasandhathayum neethiyum nee pularthiyirikkunnu. pakshe e kadha nee paramarsicha tharangalanu ezuthunnathengil engane aayirunneneee............!!!!!!??????

    മറുപടിഇല്ലാതാക്കൂ
  2. അതു ശരിയാണ് സിബിന്‍... ഈ കഥാ പാത്രങ്ങളൊക്കെ എന്‍റെ ചുറ്റുവട്ടത്ത് തന്നെയുണ്ട്‌... ചെറിയ വക ഭേദങ്ങളോടെ...അഭിപ്രായങ്ങള്‍ക്ക് നന്ദി..

    മറുപടിഇല്ലാതാക്കൂ
  3. I really appreciate your writing style..Expecting more contents and incidents in your stories.

    മറുപടിഇല്ലാതാക്കൂ

വിമര്‍ശനങ്ങളും അഭിപ്രായങ്ങളും പങ്കു വയ്കുമല്ലോ? അഭിപ്രായങ്ങളും വിമര്‍ശനങ്ങളും മാനിക്കുന്നതാണ്..