ജാലകം

2012, ഫെബ്രുവരി 13, തിങ്കളാഴ്‌ച

നീസാ, പാഴ്‌ജന്മമായിരുന്നില്ല നിന്റേത് , പുണ്യ ജന്മമായിരുന്നു..



"സ്വപ്നങ്ങള്‍ അന്വര്‍ത്ഥമാക്കിയ അനുഭവങ്ങള്‍
അതിലെപ്പോഴോ
കണ്ണീരായ് വര്‍ഷിച്ചതു തുഷാരബിന്ദുക്കള്‍
നീറുന്ന നോവുകള്‍
ആത്മാവിലേതോകോണില്‍
നിരാശ സ്വപ്നങ്ങളായ്
എന്നെ മാടിവിളിക്കും...
തീജ്വാലകള്‍ പോലെ
മനസ്സില്‍ ചിതറിവീഴുന്ന ദു:ഖനിശ്വാസത്തിന്
നഷ്ടസ്വപ്നങ്ങളുടെ പരിവേഷമോ..
അന്തരാത്മാവിന്‍ മര്‍മ്മരം തഴുകിയ
ഈ ജന്മവും പാഴായിത്തീര്ന്നുവെന്നോ...."

എഴുതിക്കൂട്ടിയ വരികള്‍ ബാക്കിയാക്കി റഹ്മത്തുന്നീസ യാത്രയായി.അക്ഷരങ്ങള്‍ പൊറുക്കി കൂട്ടി; ആകാശത്തോളം ഉയരത്തില്‍ പറക്കാന്‍ മോഹിച്ചു അകാലത്തില്‍ പൊലിഞ്ഞ താരകം. വിയോഗം റിപ്പോര്‍ട്ട്‌ ചെയ്ത് മാതൃഭൂമിയില്‍ വന്ന വാര്‍ത്ത ഇങ്ങനെ വായിക്കാം:


കവിതകള്‍ ബാക്കിവെച്ച് അക്ഷരങ്ങളുടെ കൂട്ടുകാരി പോയ്മറഞ്ഞു...


"ഋതുഭേദങ്ങളുടെ നിറനിലാവില്‍
പുഞ്ചിരി പൊഴിച്ചു നീ
മനസ്സിന്റെ കാണാക്കിനാക്കളില്‍
ഒരു വിതുമ്പലായി മാറി..."


'കാല്‍പ്പാടുകള്‍' എന്ന തന്റെ കവിതയില്‍ കുറിച്ചിട്ട വരികള്‍ ബാക്കിവെച്ച് അക്ഷരത്തിന്റെ കൂട്ടുകാരി പോയ് മറഞ്ഞു. 15 വയസ്സിനിടയില്‍തന്നെ ഒട്ടേറെ കവിതകളും കഥകളും എഴുതിയ റഹ്മത്തുന്നീസയെയാണ് മരണം തട്ടിയെടുത്തത്. പൂക്കോട്ടൂര്‍ വെള്ളൂര്‍ സ്വദേശി പാലേങ്ങര അബ്ദുസലാമിന്റെയും സൈനബയുടെയും മകളാണ് റഹ്മത്തുന്നീസ.

പൂക്കോട്ടൂര്‍ പി.കെ.എം.ഐ.സി.യിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയാണ്. എട്ടാംക്ലാസില്‍ പഠിക്കുമ്പോഴാണ് 'വിരഹബാഷ്പം' എന്ന കവിതാപുസ്തകം പ്രസിദ്ധീകരിച്ചത്. 30 കവിതകളുടെ സമാഹാരമായിരുന്നു അത്. 'സമര്‍പ്പണം', 'വിരഹബാഷ്പം', 'ഹിമപ്രഭാതം', 'പ്രയാണം' തുടങ്ങിയ കവിതകള്‍ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.

അക്ഷരങ്ങളുടെ ലോകത്ത് പറന്നു നടക്കുന്നതിനിടയിലായിരുന്നു പ്രതിഭയുടെ ചിറകരിഞ്ഞ് രോഗം പിടിപെട്ടത്. തുടര്‍ന്ന് നാല് വര്‍ഷത്തോളം അര്‍ബുദരോഗത്തിന് ചികിത്സയില്‍ ...


പിതാവ് അബ്ദുസലാം പി.ടി.എം. യതീംഖാന ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഉറുദു അധ്യാപകനാണ്. സഹോദരങ്ങള്‍: മുഹമ്മദ്ഷാഫി, അലി അഹമ്മദ്, ഷിബില്‍ മഹ്മൂദ്, സുമയ്യ, സുഹാദ, ഫാത്തിമ സഹ്‌ല. (മാതൃഭൂമി) 

                                                                     ****************

ബാക്കി വെച്ച് പോയ ബ്ലോഗ്ഗില്‍ ഏതോ ഒരു സഹൃദയന്‍ കുറിച്ചിട്ട കമന്റ്  കണ്ണീരോടെയല്ലാതെ ആര്‍ക്കെങ്കിലും വായിക്കാനാവുമോ

"നന്നായി മോളേ,ഈ കഴിവ് കൈമോശം വരാതെ സൂക്ഷിക്കൂ. ഭാവിയില്‍ നല്ല എഴുത്തുകാരിയാവും, സംശയം വേണ്ട"   


മാരക രോഗം കാര്‍ന്നു തിന്നുന്ന പ്രതീക്ഷ  നഷ്ടപ്പെട്ട  സമയത്ത് ആയിരിക്കണം അവള്‍ മരണം മണക്കുന്ന ഈ വരികള്‍ എഴുതിയത് :

പാഴ്‌ജന്മം

"സ്വപ്നങ്ങള്‍ അന്വര്‍ത്ഥമാക്കിയ അനുഭവങ്ങള്‍
അതിലെപ്പോഴോ
കണ്ണീരായ് വര്‍ഷിച്ചതു തുഷാരബിന്ദുക്കള്‍
നീറുന്ന നോവുകള്‍
ആത്മാവിലേതോകോണില്‍
നിരാശ സ്വപ്നങ്ങളായ്
എന്നെ മാടിവിളിക്കും...
തീജ്വാലകള്‍ പോലെ
മനസ്സില്‍ ചിതറിവീഴുന്ന ദു:ഖനിശ്വാസത്തിന്
നഷ്ടസ്വപ്നങ്ങളുടെ പരിവേഷമോ..
അന്തരാത്മാവിന്‍ മര്‍മ്മരം തഴുകിയ
ഈ ജന്മവും പാഴായിത്തീര്ന്നുവെന്നോ...."

ഈ കവിതയ്ക്ക് താഴെ സഹൃദയരുടെ ആശ്വാസവാക്കുകള്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് അവള്‍ ഇങ്ങനെ എഴുതി :

"എല്ലാരുടേയും പ്രാര്‍ത്ഥനക്കും സഹായങ്ങള്‍ക്കും എങ്ങനെ നന്ദിപറയണമെന്ന് എനിക്കറിയില്ല. അത്രമാത്രം കടപ്പാട് എനിക്ക് എല്ലാവരോടുമുണ്ട്. എല്ലാരും എനിക്കുവേണ്ടി ഇനിയും പ്രാര്‍ത്ഥിക്കണം..." (ജൂണ്‍ 21 , 2011 )


2012 ല്‍ അവളുടെ മൂന്ന് കവിതകള്‍ കൂടി നാം കണ്ടു:

ഒഴുക്ക്

മിഴിനീർ കുടംനിറഞ്ഞ് പൊട്ടി
കുലംകുത്തിയപ്പോൾ
അവൾ പ്രതീക്ഷിച്ചിരുന്നില്ല
ആ പ്രവാഹത്തിൽ
താനും ഒലിച്ചുപോകുമെന്ന്

വിഷദർശനം

തമസ്സിഴഞ്ഞ വീഥികളുടെ രോദനം
ഏതുതപസ്സിനാൽ മാറ്റും
കരൾപിടയുംനിലവിളികൾ
ഏതുസാന്ത്വനത്താലലിയും
കണ്ടിട്ടും കാണാതെ
പുറംതിരിയുവോൻ മർത്യനോ
നിഴലായ്, മരണത്തിന്റെ കാലൊച്ച
പതുങ്ങിയെത്തുന്നനാൾ
നാവിലിറ്റിത്തരുംരണ്ടുതുള്ളിയും
കീടനാശിനിതന്നെയാവാം

ചെറുത്തുനിൽപ്പ്

ഇന്നലെഞാൻ
വഴിതടഞ്ഞിട്ട പാതകളിൽ
ചിതലരിക്കുന്ന ആത്മദാഹവുമായ്
മൗനനൊമ്പരങ്ങൾക്ക്
കൂട്ടിരിക്കുകയായിരുന്നു

പക്ഷേ... ഇന്ന്
ജീവിതമെന്ന മരീചികയെ
കാൽക്കീഴിലൊരുക്കാൻ
ദു:ഖത്തിൻപാഴ്‌വീണയെ
പുച്ഛത്തിൻ ആവനാഴിയിൽവിട്ട്
വിധിയെന്നക്രൂരനുനേരേ
അമ്പെയ്തുകൊണ്ടിരിക്കുന്നു...

നീസയുടെ  ബ്ലോഗിലേക്ക് പോകാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക 


തുഞ്ചൻപറമ്പ് ബ്ലോഗേഴ്സ് മീറ്റിൽ നീസവെള്ളൂർ ആലപിച്ച  അമ്മ എന്ന കവിത


12 -02 -2012 നു   ഈ കൊച്ചു കൂട്ടുകാരി നമ്മെ വിട്ടു പിരിഞ്ഞു. സര്‍വ്വ ശക്തന്‍ അനുഗ്രഹിക്കുമാറാവട്ടെ !!!


1 അഭിപ്രായം:

  1. പ്രിയ നസറുദ്ദിൻ
    ഇവിടെ ഇതാദ്യം
    നന്നായി ഈ കുറികൾ
    നല്ല കലാ വാസനയുള്ള
    ഒരു കലാകാരി നമ്മെ വിട്ടു പോയി
    മലയാള ഭാഷയ്ക്ക് നേരിട്ട നഷ്ടം വലുത്
    എങ്കിലും ഈ കുറിപ്പിൽ ഇതുവരെ ആരും ഒരു വരി പ്രതികരണം നടത്തിയില്ലല്ലോ എന്നോർക്കുമ്പോൾ അതിലും പെരുത്ത ദുഃഖം തോന്നി.
    ആ കുട്ടി പാടിയ അമ്മ എന്ന കവിതയുടെ വരികൾ കൂടി ഇവിടെ കുറിച്ചിട്ടാൽ കുറേക്കൂടി നന്ന് എന്നും തോന്നി,.നന്നായി വരികൾ ചൊല്ലി കടുത്ത ദുഃഖം തോന്നുന്നു. ഇപ്പോളും ജീവിച്ചിരിക്കുന്നതുപോലെ തോന്നി. മീറ്റ്‌ ഏതു വർഷം ആയിരുന്നു. മലയാളം ബ്ലോഗിൽ അടുത്തിട മാത്രം വന്നതിനാൽ ഈ കുട്ടിയുടെ ബ്ലോഗ്‌ വായിപ്പാൻ ഭാഗ്യം ലഭിച്ചില്ല. വിഷ്ണു n v യുടെ ബ്ലോഗിൽ നിന്നാണ് ഇവിടെ എത്തിയത്,
    പിന്നൊരു കാര്യം കുറിക്കട്ടെ!!!
    ബ്ലോഗ്‌ എഴുതിയാൽ മാത്രം പോര കേട്ടോ അത് മറ്റുള്ളവരിൽ എത്തിക്കാനും ശ്രമിക്കുക. സോഷ്യൽ സൈറ്റുകളിൽ ലിങ്ക് പോസ്റ്റ്‌ ചെയ്യുക, ഒപ്പം മെയിലിലൂടെ സുഹൃത്തുക്കളെ അറിയിക്കുക തുടങ്ങിയ പ്രക്രിയകൾ ചെയ്യുക ഇതെപ്പറ്റി ഞാൻ എന്റെ ബ്ലോഗില ഒരു കുറിപ്പിട്ടിട്ടുണ്ട് നോക്കുക. കമന്റു വന്നില്ലെങ്കിലും എഴുത്ത് നിർത്താതിരിക്കുക. എഴുതുക അറിയിക്കുക ഇമെയിൽ ചെയ്യുക പുതിയ സൃഷ്ടി പോസ്റ്റ്‌ ചെയ്യുമ്പോൾ. ആശംസകൾ. വീണ്ടും കാണാം

    മറുപടിഇല്ലാതാക്കൂ

വിമര്‍ശനങ്ങളും അഭിപ്രായങ്ങളും പങ്കു വയ്കുമല്ലോ? അഭിപ്രായങ്ങളും വിമര്‍ശനങ്ങളും മാനിക്കുന്നതാണ്..